ന്യൂഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്‌തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടർമാരായിരുന്നു. അതിന് ശേഷം മൂന്നുലക്ഷം പേർ കൂടി പേര് ചേർത്തെന്നും അതിനാലാണ് 7.45 വോട്ടർമാർ എന്ന് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
എസ്‌ഐആറിന് ശേഷം 7.42 കോടി ആളുകളായിരുന്നു ബിഹാറിലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, വോട്ടെടുപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പ് പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത് 7,45,26,858 പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ്. മൂന്ന് ലക്ഷത്തിലധികം വോട്ടർമാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കമ്മീഷൻ തയ്യാറാകുമോയെന്നും സിപിഎം, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു.
അന്തിമവോട്ടർപട്ടിക പുറത്തിറക്കിയതിന് ശേഷം പത്തുദിവസം പേര് ചേർക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് 7.45 കോടി വോട്ടർമാരായതെന്നും അതല്ലാതെ ഇവർ വോട്ട് ചെയ്‌തു എന്ന് വാർത്താകുറിപ്പിൽ പറഞ്ഞിട്ടില്ല എന്നും കമ്മീഷൻ വിശദീകരണം നൽകി. വോട്ടർമാരുടെ എണ്ണം വോട്ട് ചെയ്‌തു എന്ന് വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ പറയുന്നത്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബിജെപി- ജെഡിയു നേതൃത്വത്തിലുള്ള എൻഡിഎ, 243 അംഗ നിയമസഭയിൽ 202 സീറ്റ് നേടി വൻ വിജയം നേടി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റാണ്. അഞ്ചാമത് എൻഡിഎ സർക്കാരാണ് ബിഹാറിൽ അധികാരത്തിലെത്തുന്നത്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































