പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിങ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. തെരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ഇന്ന് 78 മണ്ഡലങ്ങള്‍ ബൂത്തിലെത്തും. ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായുള്ള സീമാഞ്ചല്‍ മേഖലയുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വടക്കന്‍ ബിഹാറിലെ 2.35 കോടിയിലേറെ വോട്ടര്‍മാരാണ് അവസാന ഘട്ടത്തില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. മഹാദളിതുൾപ്പടെയുള്ള പിന്നോക്ക വിഭാഗങ്ങളും മുസ്‌ലിം വോട്ടുകളും നിർണായകമായ മിഥിലാഞ്ചൽ, ചമ്പാരൻ മേഖലകൾ ഈ ഘട്ടത്തിൽ വിധിയെഴുതും.
Also Read: മോദിക്ക് അവസരം നല്‍കൂ, ബംഗാളില്‍ മാറ്റം കൊണ്ടുവരും; അമിത് ഷാ
1204 സ്‌ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മൽസരിക്കുന്നത്. ജെഡിയു 37, ആർജെഡി 46, ബിജെപി 35, കോൺഗ്രസ് 25 സീറ്റുകളിലും ഇടത് സ്‌ഥാനാർഥികൾ 7 സീറ്റുകളിലുമാണ് മൽസരിക്കുന്നത്. മഹാസഖ്യത്തിനും എന്‍ഡിഎക്കും പുറമേ, ഉപേന്ദ്ര കുശ്‌വാഹയുടെ നേതൃത്വത്തിലുള്ള മഹാ ജനാധിപത്യ മതേതര മുന്നണി, മുന്‍ ലോക്‌സഭാ എംപിയും ജന്‍ അധികാര്‍ പാര്‍ട്ടി നേതാവുമായ പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ സഖ്യം എന്നിവയും മൂന്നാം ഘട്ടത്തിലും മൽസര രംഗത്തുണ്ട്. ശരത് യാദവിന്റെ മകൾ സുഹാസിനി യാദവ് അടക്കമുള്ള പ്രമുഖരും ഈ ഘട്ടത്തിൽ മൽസരിക്കുന്നുണ്ട്.
ഒക്‌ടോബർ 28, നവംബർ 3 തീയതികളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. ജെഡിയു-ബിജെപി നയിക്കുന്ന എൻഡിഎയും ആർജെഡി-കോൺഗ്രസ് സഖ്യമായ മഹാസഖ്യവുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. നവംബർ 10നാണ് വോട്ടെണ്ണൽ.






































