തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. എവിടെയും ചർച്ച ചെയ്യാതെയും ആരോടും ആലോചിക്കാതെയുമാണ് പദ്ധതിയിൽ ഒപ്പിട്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു. എന്ത് സർക്കാരാണെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു.
പിഎം ശ്രീയുടെ വിശദാംശങ്ങൾ എൽഡിഎഫ് ചർച്ച ചെയ്‌തിട്ടില്ല. മുന്നണിയിലെ എല്ലാ കക്ഷികൾക്കും ഇത് അറിയാനുള്ള അവകാശമുണ്ട്. ഉടമ്പടി എന്താണ്, അതിന്റെ ഉള്ളടക്കം എന്താണ് എന്നൊക്കെ അറിയേണ്ടതുണ്ട്. എന്നാൽ, മുന്നണിയിൽ ചർച്ച ഉണ്ടായിട്ടില്ല. ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എൽഡിഎഫ് മുന്നോട്ട് പോകേണ്ടത്. ഇതല്ല എൽഡിഎഫിന്റെ ശൈലിയെന്നും ബിനോയ് വിശ്വം വ്യക്‌തമാക്കി.
ഘടകക്ഷികൾക്കിടയിൽ മാത്രമല്ല മന്ത്രിമാർക്കിടയിലും പിഎം ശ്രീ ധാരണാപത്രത്തെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ല. പദ്ധതിയിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണ്. ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ മറന്നുകൊണ്ടുള്ള ഈ രീതി തിരുത്തിയേ തീരൂ. ഇക്കാര്യം കാണിച്ചുകൊണ്ട് സിപിഐ എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഷോക്കേസാണ് പിഎം ശ്രീ പദ്ധതിയെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് ആശങ്കയുണ്ട്. എല്ലാ ഇടതു പാർട്ടികൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്. അസ്വാഭാവികമായ തിരക്കോട് കൂടിയാണ്, ചർച്ചയില്ലാതെ, നയപരമായ സംവാദങ്ങൾ ഇല്ലാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. നാടിന്റെ ഭാവി വാഗ്‌ദാനങ്ങളെ വാർത്തെടുക്കേണ്ട ക്ളാസ് മുറികളെ പിടിക്കുകയാണ് ബിജെപിയും ആർഎസ്എസുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റേത് തന്ത്രപരമായ തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി
കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് പിഎം ശ്രീയിൽ ഒപ്പിട്ട നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഒരു നീക്കവും സർക്കാർ അനുവദിക്കില്ല. അതുപോലെ, കുട്ടികൾക്ക് അർഹമായ ഒരു രൂപ പോലും നഷ്‌ടപ്പെടുത്താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സമഗ്രശിക്ഷ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
2023-24 വർഷം 188.88 കോടി രൂപയാണ് കുടിശിക. 2024-25 വർഷത്തെ കുടിശിക 513.84 കോടി രൂപയാണ്. 2025-26ൽ ലഭിക്കേണ്ടിയിരുന്ന 456.01 കോടി രൂപയും തടഞ്ഞുവെച്ചു. ആകെ 1158.13 കോടി രൂപയാണ് ഇതുവഴി നമുക്ക് നഷ്‌ടമായത്. പിഎം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ സമഗ്രശിക്ഷ കുടിശികയും രണ്ടുവർഷത്തെ പിഎം ശ്രീ ഫണ്ടും ഉൾപ്പടെ 1476.13 കോടി രൂപയാണ് സംസ്‌ഥാനത്തിന് ലഭ്യമാകാൻ പോകുന്നത്.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്







































