ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതി ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് ആക്രമിച്ചെന്ന് ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലെ സ്വത്തുവകകൾ നശിപ്പിച്ചെന്നും സുരക്ഷാ ക്യാമറകൾ തല്ലിത്തകർത്തെന്നും എഎപി പറയുന്നു. നിരാഹാര സമരം നടത്തുന്ന കർഷർക്കൊപ്പം പങ്കെടുക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം.
Also Read: വാക്‌സിൻ സ്വീകരിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം; സംസ്‌ഥാനങ്ങൾക്ക് മാർഗരേഖ നൽകി
തങ്ങളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾക്ക് ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിമാരുടെ വീടുകൾക്ക് മുമ്പിൽ തിങ്കളാഴ്‌ച മുതൽ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലും ആക്രമണം നടന്നിരുന്നു. പോലീസ് പിന്തുണയോടെയാണ് ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് എഎപി ആരോപിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ആക്രമണം നടക്കുമ്പോൾ സിസോദിയ വീട്ടിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്.







































