തിരുവനന്തപുരം: സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ച് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശപ്രകാരം വരണാധികാരി നാരായണൻ നമ്പൂതിരിയാണ് വിജ്‌ഞാപനം പുറപ്പെടുവിച്ചത്. 23ന് ഉച്ചയ്‌ക്ക് രണ്ടുമുതൽ മൂന്നുമണിവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസിലാണ് പത്രിക നൽകേണ്ടത്. വൈകിട്ട് നാലിന് സൂക്ഷ്‌മ പരിശോധന. 24ന് രാവിലെ 11ന് കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലെ ബിജെപി സംസ്‌ഥാന കൗൺസിൽ യോഗത്തിൽ പ്രസിഡണ്ട് ആരെന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ രാവിലെ ബിജെപി കോർ കമ്മിറ്റി യോഗം ചേരും.
കേരളത്തിൽ മണ്ഡലം, ജില്ലാ പ്രസിഡണ്ടുമാരുടെ തിരഞ്ഞെടുപ്പ് അടക്കം പൂർത്തിയാക്കിയ ശേഷമാണ് അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി സംസ്‌ഥാനത്തെത്തും. മിസോറാമിലായിരുന്ന മുതിർന്ന നേതാവ് വി മുരളീധരനോട് ഡെൽഹിയിൽ നിന്ന് കേരളത്തിലെത്തി തിരഞ്ഞെടുപ്പ് പ്രക്രിയ ഏകോപിപ്പിക്കാൻ പാർട്ടി ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്‌ഥാന അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ നേതൃത്വം ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. നോമിനേഷൻ സമർപ്പണം ഉൾപ്പടെ സാങ്കേതികമായി നടപടിക്രമങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ആർഎസ്എസ് നേതൃത്വവുമായും മുതിർന്ന ബിജെപി നേതാക്കളുമായും ദേശീയ നേതൃത്വം അഭിപ്രായ സമാഹരണം നടത്തിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണമാകും നടത്തുക. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ സുരേന്ദ്രൻ തുടരുക എന്നതിനാണ് കൂടുതൽ സാധ്യത. അല്ലാത്തപക്ഷം എംടി രമേശിന്റെ പേരാണ് പ്രധാനമായി പരിഗണിക്കുക.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ