ന്യൂഡെൽഹി: ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. രാജ്യസഭാംഗമായി സദാനന്ദനെ നിർദ്ദേശിച്ച് രാഷ്‌ട്രപതി വിജ്‌ഞാപനം ഇറക്കി. ഇദ്ദേഹം ഉൾപ്പടെ നാലുപേരെയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു നാമനിർദ്ദേശം ചെയ്‌തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിലേക്കാണ് നിയമനം.
മഹാരാഷ്‌ട്രയിൽ നിന്നുള്ള അഭിഭാഷകനായ ഉജ്വൽ നികം, മുൻ വിദേശകാര്യ മന്ത്രി ഹർഷ വർധൻ ശൃംഗ്ള, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സി. സദാനന്ദൻ. നിലവിൽ സംസ്‌ഥാന ബിജെപി വൈസ് പ്രസിഡണ്ടാണ്. ഇക്കഴിഞ്ഞ ദിവസമാണ് സദാനന്ദൻ ഈ സ്‌ഥാനത്തെത്തിയത്. 1994ൽ സിപിഎം ആക്രമണത്തിൽ കാൽ നഷ്‌ടപ്പെട്ടിരുന്നു.
രാജ്യസഭാംഗമായി നിർദ്ദേശിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തെപ്പറ്റി നേരത്തെ സൂചന നൽകിയിരുന്നുവെന്നും സദാനന്ദൻ പറഞ്ഞു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്‌തി പകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാർട്ടി നൽകിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങൾ പാർട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാമെന്നും സദാനന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
1984 ബാച്ച് ഐഎഫ്എഫ് ഓഫീസറാണ് ഹർഷ വർധൻ. യുഎസിലെ ഇന്ത്യൻ അംബാസിഡറായി പ്രവർത്തിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണം, 1993 മുംബൈ സ്‌ഫോടന പരമ്പര ഉൾപ്പടെ പ്രമാദമായ കേസുകളിൽ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വൽ നികം മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ 2024ൽ ബിജെപി സ്‌ഥാനാർഥിയായി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു. ചരിത്രകാരിയായ ജയിൻ ഡെൽഹി ഗാർഹി കോളേജിലെ അസോഷ്യേറ്റ് പ്രഫസറായിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!