തൃശൂർ: എയിംസുമായി ബന്ധപ്പെട്ട് സംസ്‌ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്‌ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്‌ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞദിവസം ഡെൽഹിയിലെത്തിയ സംസ്‌ഥാന ജന. സെക്രട്ടറി അനൂപ് ആന്റണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്.
പരസ്യ നിലപാട് ആവർത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിർത്താൻ സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് വിവരം. അടുത്ത ആഴ്‌ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ നേരിൽ കാണും. ബിജെപി സംസ്‌ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ ഈമാസം 27ന് കൊല്ലത്തെത്തുന്ന ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ ജെപി നദ്ദ എയിംസിന്റെ കാര്യത്തിൽ ദേശീയ നേതൃത്വത്തെ അന്തിമ നിലപാട് അറിയിക്കും.
എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ കഴിഞ്ഞ കുറെ കാലമായി തർക്കം നിലനിൽക്കുന്നുണ്ട്. ബിജെപിയിലെ പല നിയമസഭാ സ്‌ഥാനാർഥികളും അവരുടെ പ്രകടന പത്രികയിൽ എയിംസ് മണ്ഡലങ്ങളിൽ കൊണ്ടുവരുമെന്ന് വാഗ്‌ദാനം ചെയ്‌താണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിയത്. കഴിഞ്ഞ കോർ കമ്മിറ്റിയിലടക്കം എയിംസിൽ വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന നേതാക്കൾ രംഗത്തുവന്നിരുന്നു.
അതേസമയം, സംസ്‌ഥാന സർക്കാർ എയിംസ് കോഴിക്കോട് സ്‌ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ ഈ ആവശ്യത്തിനായിരിക്കും മുൻതൂക്കം ലഭിക്കുക. എയിംസിനായി സംസ്‌ഥാന സർക്കാർ കിനാലൂരിൽ 200 ഏക്കർ സ്‌ഥലമാണ് ഏറ്റെടുത്തിട്ടുള്ളത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി