കുട്ടനാട്: ചമ്പക്കുളം മൂലം ജലോൽസവത്തിൽ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽ തെക്കേത് വള്ളമാണ് മുങ്ങിയത്. മൂന്ന് പങ്കായക്കാർ ഉൾപ്പടെ 22 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. അതിൽ 17 പേരും വനിതകളാണ്. എല്ലാവരെയും രക്ഷപ്പെടുത്തി. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടറും ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ വള്ളമാണ് മറിഞ്ഞത്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് മറ്റു മൽസരങ്ങൾ നിർത്തിവെച്ചു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മൽസരത്തിന് തൊട്ടുമുമ്പാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മൽസരമായിരുന്നു നടന്നത്.
അപകട സമയത്ത് ജില്ലാ കളക്ടർ ഹരിത, സ്ഥലം എംഎൽഎ, മന്ത്രി പി പ്രസാദ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ മൽസരങ്ങൾ നിർത്തിവെക്കാൻ കളക്ടർ ഉത്തരവിടുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന സ്ത്രീകൾ എല്ലാവരും നീന്തൽ അറിയാവുന്നവർ ആയിരുന്നു. ഇതേ തുടർന്ന് വളരെ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായി.
Most Read: ‘വർഗീയ ശക്തികൾക്ക് എതിരായ പോരാട്ടം തുടങ്ങി, പാർട്ടിയെ വീണ്ടെടുക്കും’; ശരത് പവാർ




































