കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാനറിയാമെന്നും നാടകം വേണ്ടെന്നും ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. മറ്റ് പ്രതികൾക്ക് വേണ്ടി ജയിലിൽ തുടരുമെന്ന് പറയാൻ ബോബി ചെമ്മണ്ണൂർ ആരാണെന്നും ഹൈക്കോടതി ചോദിച്ചു.
ബോബി സൂപ്പർ കോടതി ചമയേണ്ട. തനിക്ക് മുകളിൽ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനും കോടതിക്കറിയാമെന്നും ജസ്‌റ്റിസ് മുന്നറിയിപ്പ് നൽകി. വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു.
ബോബി ഇന്ന് രാവിലെ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഹൈക്കോടതി ഇടപെടൽ. പിന്നാലെ ബോബി ചെമ്മണ്ണൂർ ജയിൽമോചിതനായി. ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞു 3.30ന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ജാമ്യ ഉത്തരവ് ജയിലിൽ എത്തിയെങ്കിലും ബോബി പുറത്തിറങ്ങിയില്ല.
നടപടിക്രമങ്ങൾ നീണ്ടുപോയതിനാൽ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാൽ, ഇന്നലെ ശബരിമല മകരവിളക്ക് അടക്കമുള്ള കാര്യങ്ങൾ ഉള്ളതിനാൽ ആവശ്യമായ മാദ്ധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയതെന്നും ചില അഭിഭാഷകർ അഭിപ്രായപ്പെടുന്നുണ്ട്.
ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ മൂലം പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബോബി ജയിലിൽ തുടരുന്നത് തുടങ്ങിയ കാര്യങ്ങൾ ബോബി ഫാൻസ് ഇതിനിടെ പ്രചരിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ബോബി പുറത്തിറങ്ങുമെന്ന് വ്യക്‌തമായതോടെ ആരാധകർ ജയിലിന് മുന്നിലെത്തിയിരുന്നു.
ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്‌ച അറസ്‌റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്‌ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തിര പ്രാധാന്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം







































