കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസും വയനാട് എസ്‌പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്നാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ബോബിയെ കസ്‌റ്റഡിയിൽ എടുത്തത്.
വയനാട് മേപ്പാടിയിൽ ‘1000 ഏക്കർ’ എന്ന പേരിൽ ബോബിക്ക് തേയില എസ്‌റ്റേറ്റും റിസോർട്ടുമുണ്ട്. ഈ റിസോർട്ടിൽ വെച്ചാണ് രാവിലെ പോലീസ് അതിനാടകീയമായി ഇദ്ദേഹത്തെ പിടികൂടിയത്. ബോബിയെ കസ്‌റ്റഡിയിൽ എടുക്കാനുള്ള നീക്കം ലോക്കൽ പോലീസ് പോലും അറിഞ്ഞത് അവസാന നിമിഷമാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ബോബിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പോലീസിന്റെ മിന്നൽ നീക്കം.
ഒളിവിൽ പോകുന്നതിനും മുൻകൂർ ജാമ്യാപേക്ഷ നൽകാനുമുള്ള നീക്കമാണ് പോലീസ് പൊളിച്ചത്. രണ്ടുദിവസമായി ബോബി വയനാട്ടിൽ ഉണ്ടായിരുന്നെന്നാണ് വിവരം. റിസോർട്ടിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂർവയലിലെ എആർ ക്യാംപിലേക്ക് സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആർ ക്യാംപിൽ ചിലവഴിച്ച ശേഷം 12 മണിയോടെ പോലീസ് വാഹനത്തിൽ എറണാകുളത്തേക്ക് കൊണ്ടുപോയി.
ഇന്ന് പുലർച്ചെയാണ് എറണാകുളം പോലീസ് വയനാട്ടിലെത്തിയത്. രാവിലെ ഏഴരയോടെ റിസോർട്ടിൽ എത്തിയ സംഘം ഒമ്പത് മണിക്ക് ബോബിയെ കസ്‌റ്റഡിയിൽ എടുത്തു. എആർ ക്യാംപിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിവരം പുറത്തറിയുന്നത്. വയനാട്ടിൽ നിന്ന് റോഡുമാർഗം കൊച്ചിയിലെത്താൻ ആറ് മണിക്കൂറെങ്കിലും എടുക്കും.
വൈകിട്ട് ആറുമണിയോടെ ബോബിയെ കൊച്ചിയിൽ എത്തിക്കുമെന്നാണ് വിവരം. മേപ്പാടിയിലെ പോലീസ് ഉദ്യോഗസ്‌ഥരും എറണാകുളം പോലീസിനൊപ്പമുണ്ട്. പരാതിക്കാരിയായ ഹണി റോസിന്റെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തുമെന്നും പിന്നീട് ബോബിയെ ചോദ്യം ചെയ്യുമെന്നുമായിരുന്നു സൂചനകൾ. എന്നാൽ, കേസിൽ ഇളവുകളൊന്നും നൽകേണ്ടതില്ലാ എന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു.
കാരണം, ഹണി റോസ് ആദ്യം നൽകിയ പരാതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യ പ്രയോഗങ്ങളും അപകീർത്തി പരാമർശങ്ങളും നടത്തിയവർക്കെതിരെ ആയിരുന്നു. ഇതിൽ ഉടൻ തന്നെ 30 പേർക്കെതിരെ കേസെടുക്കുകയും കുമ്പളം സ്വദേശി ഷാജിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇത്തരത്തിൽ കേസെടുക്കുകയും ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിൽ ഇതിനേക്കാൾ ഗൗരവമായ പരാതിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയത് എന്നതിനാൽ നടപടി സ്വീകരിക്കാൻ പോലീസിനുമേൽ സമ്മർദ്ദമുണ്ടായിരുന്നു.
അശ്‌ളീല ആംഗ്യങ്ങളിലൂടെയും ദ്വയാർഥ പ്രയോഗങ്ങളിലൂടെയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്‌ത്രീത്വത്തെ അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. 2024 ഓഗസ്‌റ്റിൽ ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉൽഘാടനത്തിന് ചെന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ പരാതിയിൽ നടി വ്യക്‌തമാക്കിയിട്ടുണ്ട്.
അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ബന്ധപ്പെട്ട് എല്ലാ നിയമനടപടികൾക്കും പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, താൻ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ സമയം തേടിയിരുന്നു എന്നും അദ്ദേഹവുമായി സംസാരിക്കുകയും ശക്‌തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും വലിയ ആശ്വാസമാണ് അതുണ്ടാക്കിയതെന്നും ഹണി റോസ് പ്രതികരിച്ചു. ഡിജിപിയുമായും ഹണി റോസ് സംസാരിച്ചിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം