കണ്ണൂർ: ജില്ലയിലെ തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കോടിയേരി കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി അംഗം പിഎം കനകരാജിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണം നടക്കുന്ന സമയത്ത് കനകരാജ് വീട്ടിൽ ഉണ്ടായിരുന്നില്ല. അമ്മയും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആക്രമണത്തിന് പിന്നിൽ ആരാണെന്നും മറ്റുമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർക്കെതിരെ ഉള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ഇന്ന് പുലർച്ചെ കോഴിക്കോട് തിക്കോടി ടൗണിൽ കോൺഗ്രസ് ഓഫീസിന് നേരെയും ബോംബേറ് ഉണ്ടായി. കൂടാതെ തൊടുപുഴയിലുണ്ടായ പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകന്റെ നില ഗുരുതരമായി തുടരുകയാണ്. കാഴ്ച തിരിച്ചുകിട്ടുമോ എന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഒരാഴ്ചക്ക് ശേഷമേ കാഴ്ച തിരിച്ചു കിട്ടുമോ എന്ന കാര്യം വ്യക്തമാകൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്.
Read also: ഡെൽഹിയിൽ കനത്ത പ്രതിഷേധം; ജെബി മേത്തർ പോലീസ് കസ്റ്റഡിയിൽ






































