ജറുസലേം: ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗാസയിലെ ആക്രമണം ഭീതിദമാണെന്നും കുഞ്ഞുങ്ങളുടെ അവസ്‌ഥ ദയനീയമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ പറഞ്ഞു. അടിയന്തിര വെടിനിർത്തൽ വേണമെന്നും സ്‌റ്റാമർ ആവശ്യപ്പെട്ടു.
അതേസമയം, ഗാസയിലെ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ ഇസ്രയേലിനെതിരെ ശക്‌തമായ നടപടി ഉണ്ടാകുമെന്ന് സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളും മുന്നറിയിപ്പ് നൽകി. ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് മറ്റ് 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
അടിയന്തിര സഹായം എത്തിച്ചില്ലെങ്കിൽ 14,000ത്തോളം കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്‌ട്ര സംഘടനയുടെ മാനുഷിക സഹായവിഭാഗം മേധാവി ടോം ഫ്‌ലെച്ചർ മുന്നറിയിപ്പ് നൽകി. അതിനിടെ, അഭയകേന്ദ്രമായ സ്‌കൂളിൽ ഉൾപ്പടെ ഗാസയിലെങ്ങും ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബാക്രമണത്തിൽ 60 പലസ്‌തീൻകാർ കൂടി കൊല്ലപ്പെട്ടു.
മാർച്ച് രണ്ടുമുതലാണ് ഗാസയിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം മുതൽ പരിമിതമായ അളവിൽ ഭക്ഷ്യവസ്‌തുക്കളുടെ വിതരണം അനുവദിച്ചിട്ടുണ്ടെങ്കിലും തീർത്തും അപര്യാപ്‌തമാണെന്ന് യുഎൻ ഏജൻസികൾ പറയുന്നു. ഇന്നലെ 100 ട്രക്കുകൾക്ക് കൂടി പ്രവേശനാനുമതി നൽകി. വെടിനിർത്തൽ സമയത്ത് പ്രതിദിനം 600 ട്രക്കുകളാണ് ഗാസയിലെത്തിയിരുന്നത്.
ബന്ദികളെ മോചിപ്പിക്കാനുള്ള ഏക മാർഗം വെടിനിർത്തലാണെന്നും ഗാസയിലേക്ക് പൂർണതോതിൽ സഹായങ്ങൾ എത്തിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി എന്നിവർ സംയുക്‌ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
അതിനിടെ, ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പിൻമാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം എക്‌സിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോ വഴി മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസ മുനമ്പ് മുഴുവൻ പിടിച്ചെടുക്കാനും അതിന്റെ മേൽ അനിശ്‌ചിതകാലത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താനും ലക്ഷ്യമിട്ട് ഇസ്രയേൽ തങ്ങളുടെ സൈനിക നടപടികൾ വർധിപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ