കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെ ആണ് അമിത വേഗത്തിൽ വന്ന ബസ് ഇടിച്ചു തെറിപ്പിച്ചത്.
ബസ് ഇടിച്ചെങ്കിലും വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. സീബ്രാ ലൈനിലെ മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പും അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുകയായിരുന്നു ഫാത്തിമ. ഇരുവശത്തും നോക്കി സീബ്രാ ലൈനിലൂടെ അതീവ ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഫാത്തിമയെ, കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസാണ് അമിതവേഗത്തിലെത്തി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ബസിനടിയിലേക്ക് വീണു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവർ നടുങ്ങി നിൽക്കവേ, ഫാത്തിമ ബസിനടിയിൽ നിന്ന് സ്വയം എഴുന്നേറ്റു വന്നു.
വിദ്യാർഥിനിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ചില മുറിവുകൾ ഏറ്റതിന്റെ വേദനയല്ലാതെ ഗുരുതരമായ പരിക്കുകളില്ല. അതേസമയം, ബസ് ഉടമയോ ജീവനക്കാരോ തിരിഞ്ഞു നോക്കിയില്ലെന്ന് ഫാത്തിമ ആരോപിച്ചു. അതിനിടെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും ഡ്രൈവറോടും ബസ് ഉടമയോടും ഇന്ന് ഹാജരാകാൻ പറഞ്ഞിട്ടുണ്ടെന്നും എംവിഡി ഉദ്യോഗസ്ഥൻ ശരത് പ്രതികരിച്ചു. ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| ഇനി വറുതിയുടെ കാലം; സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി








































