പാലക്കാട്: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്‌ണ കുമാറിനെതിരെ പീഡന പരാതി നൽകിയ യുവതി വീണ്ടും ആരോപണവുമായി രംഗത്ത്. കൃഷ്‌ണകുമാർ തന്നെ വലിച്ചിഴച്ച് മർദ്ദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.
നൂറുകണക്കിന് പേരുടെ മുന്നിൽവെച്ചായിരുന്നു അതിക്രമം. സുരേഷ് ഗോപിയാണ് ചികിൽസയ്‌ക്ക് പണം നൽകിയത്. ബിജെപി സംസ്‌ഥാന അധ്യക്ഷന് അയച്ച പരാതി ചോർത്തിയത് താനല്ലെന്നും യുവതി പറഞ്ഞു. 2014ലാണ് പീഡനശ്രമം ഉണ്ടായത്. എഫ്ഐആറിലും കോടതിയിൽ കൊടുത്ത മൊഴിയിലും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് കൃത്യമായി പറഞ്ഞതാണ്.
പോലീസ് കൃത്യമായി അന്വേഷിക്കാത്തത് കൊണ്ടാണ് ഒരു നടപടിയും ഇല്ലാതെ പോയത്. ഇക്കാര്യത്തിൽ ബിജെപി അധ്യക്ഷന് നെല്ലും പതിരും ബോധ്യപ്പെടും. പരാതി നൽകുന്ന സമയത്ത് നിയമപരമായ പല കാര്യങ്ങളിലും വ്യക്‌തത ഇല്ലായിരുന്നു. പിന്നീട് കോടതിയിൽ വിധി എതിരാകാൻ കാരണം ഇതാണ്. ആദ്യകാലത്ത് ഒരു അഭിഭാഷകൻ പോലും തനിക്ക് ഉണ്ടായിരുന്നില്ല. രാഷ്‌ട്രീയ സ്വാധീനം കാരണം പലരും ഒഴിഞ്ഞുമാറിയെന്നും പരാതിക്കാരി പറയുന്നു.
മാദ്ധ്യമപ്രവർത്തകർക്ക് നൽകിയ കുറിപ്പിലാണ് പരാതിക്കാരിയുടെ തുറന്നുപറച്ചിൽ. പീഡനത്തിന് ഇരയായെന്ന് കാണിച്ച് കൃഷ്‌ണകുമാറിനെതിരെ പാലക്കാട് സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി ഇ-മെയിൽ വഴി പരാതി നൽകിയത്. കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.
ബിജെപിയുടെ ഉന്നത നേതാക്കൾ മുമ്പാകെയും ആർഎസ്എസ് കാര്യാലയത്തിലെത്തിയും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചത്. എന്നാൽ, ഇത് വ്യാജ പരാതിയാണെന്ന് സി. കൃഷ്‌ണകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്വത്ത് തർക്കവും കുടുംബ പ്രശ്‌നവുമാണ് പരാതിക്ക് പിന്നിലെന്നും കൃഷ്‌ണകുമാർ പറയുന്നു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി