പ്രചാരണം; പ്രിന്റിങ് പ്രസുകളും സ്‌ഥാനാർഥികളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

By News Desk, Malabar News
Ajwa Travels

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകള്‍, പോസ്‌റ്ററുകള്‍, ലഘുലേഖകള്‍, സ്‌റ്റിക്കറുകള്‍, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രസ് ഉടമകളും സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ ജില്ലാ കളക്‌ടർ ഉത്തരവിട്ടു.

അച്ചടിക്കുമ്പോഴും പകര്‍പ്പുകള്‍ എടുക്കുമ്പോഴും പ്രസിന്റെയോ കോപ്പി എടുക്കുന്ന സ്‌ഥാപനത്തിന്റെയോ പേരും വിലാസവും, പ്രസാധകന്റെ പേരും വിലാസവും, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം, പ്രിന്റിംഗ് ചെലവ് എന്നിവ താഴ്‌ഭാഗത്ത് പ്രസിദ്ധീകരിക്കണം. നോട്ടീസും മറ്റും പ്രസിദ്ധീകരിക്കാനെത്തിയ ആളെ തനിക്ക് നേരിട്ടറിയാമെന്ന് സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലത്തിന്റെ പകർപ്പ് പ്രസ് ഉടമ പ്രസാധകനില്‍ നിന്ന് വാങ്ങിയിരിക്കണം.

പ്രിന്റ് ചെയ്‌ത്‌ മൂന്ന് ദിവസത്തിനകം, അച്ചടി രേഖയുടെ നാലു പകര്‍പ്പുകള്‍, അച്ചടിക്കാനെത്തുന്ന സ്‌ഥാനാര്‍ഥിയെയോ പ്രതിനിധിയെയോ പ്രസാധകന് നേരിട്ടറിയാമെന്നു കാണിക്കുന്ന സത്യവാങ്മൂലം എന്നിവ നിശ്‌ചിത ഫോറത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്‌ടർക്ക് സമര്‍പ്പിക്കണം. അച്ചടിക്ക് ഓര്‍ഡര്‍ നല്‍കിയ തീയതി, അച്ചടിച്ചു നല്‍കിയ തീയതി, പ്രിന്റ് ചെയ്‌ത സാധനത്തിലെ ഉള്ളടക്കത്തിന്റെ ചുരുക്കം, പ്രിന്റിങ്ങിന് ഈടാക്കിയ തുക തുടങ്ങിയ വിവരങ്ങളും ജില്ലാ കളക്‌ടറെ അറിയിക്കണം. ഇതിനുള്ള ഫോറങ്ങള്‍ തിരഞ്ഞെടുപ്പ് വിഭാഗം എക്‌സ്‌പെന്റീച്ചര്‍ സെല്ലില്‍ ലഭിക്കും.

നിയമവിരുദ്ധമോ, ജാതി-മത വികാരങ്ങള്‍ ഇളക്കിവിടുന്നതോ, അവയുടെ പേരില്‍ വോട്ടു ചോദിക്കുന്നതോ, എതിര്‍ സ്‌ഥാനാര്‍ഥിയെ സ്വഭാവഹത്യ നടത്തുന്നതോ ആയ പരാമര്‍ശങ്ങള്‍ അച്ചടിക്കപ്പെടുന്ന രേഖകളിലില്ല എന്ന് സ്‌ഥാനാര്‍ഥികളും പാര്‍ട്ടികളും ഉറപ്പുവരുത്തണം. ഏതെങ്കിലും സ്‌ഥാനാര്‍ഥിയുടെ പേരില്ലാതെ പ്രസിദ്ധീകരിക്കുന്നവ പാര്‍ട്ടിയുടെ ചിലവില്‍ വകയിരുത്തും.

നടപടിക്രമങ്ങളില്‍ വീഴ്‌ച വരുത്തുന്ന പ്രസുകള്‍ക്കും സ്‌ഥാനാര്‍ഥികള്‍ക്കുമെതിരേ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം 127എ പ്രകാരം ആറുമാസം തടവോ പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്.

Also Read: കൽപറ്റയിലെ സ്‌ഥാനാർഥി നിർണയം; പ്രതിഷേധവുമായി കിസാൻ കോൺഗ്രസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE