മലപ്പുറം: മൈസൂരിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപന നടത്തുന്ന സംഘം പിടിയിൽ. വാണിയമ്പലം ശാന്തിനഗറിൽ വെച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ വണ്ടൂർ പോലീസ് പിടികൂടിയത്.
പൂക്കോട്ടുംപാടം സ്വദേശി പുന്നക്കാടൻ ഷിഹാബ് (39), നിലമ്പൂർ സ്വദേശി കോട്ടപറമ്പൻ ഹൗസിൽ സെയ്‌തലവി (41), കാളികാവ് പൂങ്ങോട് സ്വദേശി പിലാക്കൽ നൗഷാദ് (47) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. അഞ്ച് പൊതികളിലായി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്തിയ സ്വിഫ്റ്റ് കാറും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികൾ പച്ചക്കറി ലോറിയിലാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറയുന്നു. ചെറിയ പൊതികളാക്കി ജില്ലക്കകത്തും പുറത്തും വിൽപന നടത്തുകയാണ് പ്രതികളുടെ രീതിയെന്നും പോലീസ് വ്യക്‌തമാക്കി. പ്രതികളെ നാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.
Malabar News: ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത്; 18 തോണികൾ പിടികൂടി