പാലക്കാട്: അട്ടപ്പാടിയിൽ നിന്ന് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടി. അട്ടപ്പാടി മേലെ കോട്ടത്തറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് 6.250 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. അതേസമയം, പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം നടത്തി ഉടൻ പിടികൂടുമെന്നും മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ് അറിയിച്ചു.
ഇൻസ്പെക്ടർ ടോണി ജോസിന്റേയും അട്ടപ്പാടി ജനമൈത്രി എക്സൈസ് സിഐ എസ് ബിനുവിന്റെയും നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മേലെകോട്ടത്തറ കാൽമുക്കിയൂരിൽ റോഡിൽ നിന്ന് മാറി കുറ്റിക്കാട്ടിൽ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസിന്റെ വാഹനപരിശോധന ഭയന്ന് കഞ്ചാവ് കടത്ത് സംഘം ഉപേക്ഷിച്ച് പോയതാണെന്ന് കരുതുന്നതായി എക്സൈസ് വിഭാഗം അറിയിച്ചു.
അഗളി റേഞ്ച് ഉദ്യോഗസ്ഥരും ജനമൈത്രി സ്ക്വാഡുമാണ് തിരച്ചിൽ നടത്തിയത്. പ്രിവന്റീവ് ഓഫിസർ രമേഷ്കുമാർ, രാജേന്ദ്രൻ, കൃഷ്ണദാസ്, പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർ ദേവകുമാർ, പ്രതീഷ്, ശ്രീജേഷ്, ലക്ഷ്മണൻ, ഭോജൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Read Also: അണയാത്ത സമരവീര്യം; അതിജീവനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കർഷകർ







































