വണ്ടൂർ: ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് സ്ത്രീ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞിമുഹമ്മദ്, മകൾ താഹിറ, മക്കൾ ഇരട്ടക്കുട്ടികളായ അഷ്മിൽ, നഷ്മിൽ, മകൾ ഷിഫ്റ, മരുമകൻ പാണ്ടിക്കാട് സ്വദേശി ഇസ്ഹാഖ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെ കൂരാട് വരമ്പൻകല്ല് പാലത്തിന് സമീപമാണ് അപകടം. പരിക്കേറ്റ താഹിറയുടെ മകൾ അൻഷിദ മൈസൂരുവിൽ നഴ്സിങ് പഠിക്കുകയാണ്. കുടുംബാംഗങ്ങൾ അവിടെ പോയി മടങ്ങുമ്പോഴാണ് അപകടം. ഇസ്ഹാഖ് ആണ് കാർ ഓടിച്ചിരുന്നത്.
അപകട സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. പാലം കഴിഞ്ഞ ഉടൻ എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള മരത്തിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മൈമൂന മരിച്ചത്.
Most Read| വായ്പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക്


































