കോട്ടയം: സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്‌പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പിവി അൻവർ എംഎൽഎ കൃത്രിമ വീഡിയോ നിർമിച്ച്, പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ബിഎൻഎസ് 196, 336(1), 340 (1), 351(1) 356 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് 873/24 നമ്പർ പ്രകാരം എഫ്‌ഐആർ ഇട്ടിരിക്കുന്നത്. അൻവറിനെ കുറിച്ചുള്ള വാർത്തകൾ നിരന്തരം പ്രസിദ്ധീകരിക്കുന്നതിലുള്ള വിരോധം തീർക്കാനും സമൂഹത്തെ സാജനെതിരെ തിരിക്കാനും ലക്ഷ്യമിട്ടാണ് എംഎൽഎ കൃത്രിമ വീഡിയോ നിർമിച്ചു വിതരണം ചെയ്‌തതെന്ന് സംശയിക്കുന്നുണ്ട്.
ഷാജൻ സ്‌കറിയയുടെ ചാനൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്, വിവിധ വർഷങ്ങളിൽ അവതരിപ്പിച്ച വിവിധ വാർത്തകളിലെ ചില ഭാഗങ്ങൾ ആസൂത്രിതമായും ദുർദ്ദേശത്തോടെയും മുറിച്ചെടുത്ത് അവയെ സംയോജിപ്പിച്ചാണ്, സമൂഹത്തിൽ വൈകാരികത സൃഷ്‌ടിക്കാൻ പിവി അൻവർ കൃത്രിമ വീഡിയോ നിർമിച്ചത്.
15–9–2021ലെ 11.56 മിനിറ്റ് ദൈർഘ്യമുള്ള വാർത്താവീഡിയോയിലെ 32 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഭാഗവും, 29–5–2021ലെ വാർത്താ വീഡിയോയിലെ ഏഴ് സെക്കന്റ് മാത്രമുള്ള ദൈർഘ്യമുള്ള ഭാഗവും, 13–8–2022 തീയതിയിലെ വാർത്താ വീഡിയോയിലെ 43 സെക്കന്റ് മാത്രമുള്ള ദൈർഘ്യമുള്ള ഭാഗവും 29–5–2023 തീയതിയിലെ വാർത്താ വീഡിയോയിലെ ആറ് സെക്കന്റുള്ള ദ്യശ്യവും മുറിച്ചെടുത്ത് സംയോജിപ്പിച്ചാണ് ഫേസ്‌ബുക് പേജിലൂടെ കൃതൃമ വീഡിയോ പ്രചരിപ്പിച്ചത്.
ഇത് സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്‌പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ചെയ്‌തതെന്ന് പരാതിയിൽ ആരോപിക്കുന്നു. തന്നെ കുറിച്ചും, മാദ്ധ്യമ സ്‌ഥാപനത്തെ കുറിച്ചും അപകീർത്തിപരമായ പ്രസ്‌താവനകൾ ഫേസ്ബുക് പോസ്‌റ്റിലൂടെ നൽകിയെന്നും മരണഭയം ഉളവാക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വിശദീകരിക്കുന്നു.
കളവായ വീഡിയോ നിർമിക്കാൻ ആസൂത്രണം ചെയ്യുകയും, അത് സഹായികളുടെ പിന്തുണയിൽ നിർമിക്കുകയും ദുരുദ്ദേശത്തോടെ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും അത് തന്റെ ചാനൽ പ്രചരിപ്പിച്ചതാണെന്ന് വരുത്തി തീർത്ത് സൽപേരിനും, കീർത്തിക്കും ഭംഗം വരുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
MOST READ | സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!








































