ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത സംഭവത്തിൽ ചങ്ങനാശേരി ട്രാഫിക് സിപിഒ ആയ കെഎസ് ജോസഫിനെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളിൽ കേസെടുത്തു. വലിയ ചൂടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് ജോസഫ് കഴിഞ്ഞ ദിവസം അടിച്ചു തകർത്തത്. ഭക്ഷ്യവിഷബാധ ആരോപിച്ചായിരുന്നു ആക്രമണം.
ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ഇവിടെ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചു ഭക്ഷ്യവിഷബാധ ഉണ്ടായെന്നും മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആണെന്നും ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായി എത്തിയ ജോസഫ് ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചു കടക്കുള്ളിലേക്ക് കയറ്റിയായിരുന്നു ആക്രമണം. പിന്നാലെ ജോസഫിനെ സൗത്ത് പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ജോസഫ് മദ്യപിച്ചിരുന്നതായി പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസിലെ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട് നൽകും.
Most Read| യുദ്ധം അവസാനിപ്പിക്കാൻ ഫോർമുലയുമായി ഇസ്രയേൽ; അംഗീകരിക്കണമെന്ന് ബൈഡൻ