ന്യൂഡെൽഹി: കോവിഡും, ഒമൈക്രോണും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ എല്ലാ സംസ്ഥാനങ്ങളും സജ്ജമായിരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. കൂടാതെ ഫണ്ടുകളുടെ പൂർണമായ വിനിയോഗവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ ഓരോ സംസ്ഥാനങ്ങളിലെയും ഓക്സിജൻ ലഭ്യതയും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്എ പ്ളാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും പരിശോധിക്കും.
അതേസമയം രാജ്യത്ത് നിലവിൽ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ 7 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ രാജ്യത്തെ കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നത്. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യത്ത് 28 ശതമാനം വർധനയാണ് രോഗബാധിതരിൽ ഉണ്ടായത്.
കൂടാതെ കോവിഡിന്റെ ഒമൈക്രോൺ വകഭേദമാണ് രാജ്യത്ത് ഇപ്പോള്‍ വ്യാപിക്കുന്നതില്‍ ഏറ്റവും മുൻപിലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. 377 പേര്‍ക്ക് കൂടി ഇന്നലെ ഒമൈക്രോൺ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,007 ആയിട്ടുണ്ട്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഇതിനോടകം ഒമൈക്രോൺ സ്ഥിരീകരിച്ച് കഴിഞ്ഞു.
Read also: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം; വ്യവസായികളെ ക്ഷണിച്ച് മുഖ്യമന്ത്രി







































