ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നടപടി.
പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയുമാണ് കുറച്ചത്. ഇതോടെ വിപണിയിൽ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറവ് വരിക. കേരളത്തിൽ പെട്രോൾ ലിറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് 7 രൂപ 37 പൈസയും കുറയും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില കുറക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. ഇതിന് പുറമെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി മറ്റു പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയിട്ടുണ്ട്. പാചകവാതക സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം.
Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത് പരസ്യം; കേസെടുത്ത് പോലീസ്







































