ലേ: ലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും സോനം അത് തുടർന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ് പോസ്‌റ്റിൽ പറയുന്നു.
അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധങ്ങളെ കുറിച്ചും നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ സോനം തെറ്റിദ്ധരിപ്പിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം, ലേയിൽ ലഫ്. ഗവർണർ കവിന്ദൻ ഗുപ്‌ത പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്.
ഏറ്റുമുട്ടലുകൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ലഫ്. ഗവർണർ ആരോപിക്കുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടി എടക്കുമെന്നും അദ്ദേഹം അറിയിച്ചു. സിആർപിഎഫ് ജവാൻമാരെ വാഹനത്തിനുള്ളിൽ വെച്ച് ചുട്ടുകളയാൻ പോലും ജനക്കൂട്ടം ശ്രമിച്ചെന്നും ലഡാക്ക് ഡിജിപിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സോനം വാങ്‌ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങൾ കാരണം ജനക്കൂട്ടം നിരാഹാര സമരം നടക്കുന്ന സ്‌ഥലം വിട്ട് ഒരു രാഷ്‌ട്രീയ പാർട്ടി ഓഫീസും ലേയിലെ സർക്കാർ ഓഫീസും ആക്രമിച്ചു. സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെടുകയും 70ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 30ഓളം പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വൈകീട്ട് നാലുമണിയോടെ കാര്യങ്ങൾ നിയന്ത്രണ വിധേയമായിട്ടുണ്ട്.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്‌ഥാന പദവി നൽകുക, ഭരണഘടനാ പ്രകാരം ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ആരംഭിച്ചത്. സംസ്‌ഥാന പദവി നൽകുന്നതുമായി ബന്ധപ്പെട്ട് ലേയിലെ അപെക്‌സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവർ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു ഉന്നതാധികാര സമിതിയുടെ യോഗം ഒക്‌ടോബർ ആറിന് നടത്താൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി







































