ന്യൂഡെൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷായാണ് ഇതുസംബന്ധിച്ച തീരുമാനം എക്‌സിലൂടെ അറിയിച്ചത്. സൻസ്‌കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിങ്ങനെയാണ് പുതിയ ജില്ലകളുടെ പേരുകൾ.
പ്രധാനമന്ത്രിയുടെ സ്വപ്‌നം പോലെ ലഡാക്കിനെ വികസിതവും സമൃദ്ധവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ജില്ലകൾ രുപീകരിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ലേ, കാർഗിൽ എന്നീ ജില്ലകൾ മാത്രമാണ് ലഡാക്കിൽ ഉണ്ടായിരുന്നത്. ഇവ രണ്ടും സ്വയംഭരണാധികാരമുള്ള ജില്ലാ ഭരണകൂടമാണ് ഭരിച്ചിരുന്നത്.
2019 ഓഗസ്‌റ്റ് അഞ്ചിനാണ് ജമ്മു കശ്‌മീരിനെ വിഭജിച്ച് ജമ്മു കശ്‌മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ജമ്മു കശ്‌മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്‌തിരുന്നു. ഭരണപരമായ കാര്യങ്ങൾ കൃത്യമായി നടപ്പാക്കാൻ വേണ്ടിയാണ് ജില്ലകൾ കൂട്ടിച്ചേർത്തതെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കുന്നു.
കേന്ദ്രഭരണ പ്രദേശത്ത് എവിടെ നിന്നും ഔദ്യോഗിക കാര്യങ്ങൾക്കായി ലഡാക്കിൽ എത്തിയാലേ സ്വദേശികൾക്ക് കാര്യങ്ങൾ നടക്കുകയുള്ളൂ. ദുർഘട പാതകളിലൂടെ അങ്ങനെ എത്തിച്ചേരുകയെന്നത് ബുദ്ധിമുട്ടേറിയതാണ്. അടിസ്‌ഥാന സൗകര്യങ്ങളും കുറവാണ്. സംസ്‌ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് ലഡാക്കിൽ അടുത്തിടെ വലിയ പ്രതിഷേധം നടന്നിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് ബിജെപിക്ക് തിരിച്ചടിയായതായാണ് കണക്കുകൂട്ടൽ.
ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾ ഉള്ളതിനാൽ സംസ്‌ഥാന പദവി ലഡാക്കിന് നൽകാനാവില്ല. അതുകൊണ്ടുതന്നെ മേഖലയുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് കൂടിയാണ് അഞ്ച് ജില്ലകൾ രൂപീകരിച്ചിരിക്കുന്നത്. അഞ്ച് പുതിയ കളക്‌ടർമാരും ഓഫീസും അടിസ്‌ഥാന സൗകര്യങ്ങളും ഇതുവഴി മേഖലയിലേക്ക് എത്തും.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി