കൊച്ചി: കാക്കനാട് ജിഎസ്‌ടി കമ്മീഷണറും കുടുംബവും കൂട്ട ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ജാർഖണ്ഡ് പബ്ളിക് സർവീസ് കമ്മീഷന്റെ സംസ്‌ഥാന സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവായിരുന്ന സഹോദരി ശാലിനി വിജയ്, ജെപിഎസ്‌സി റാങ്ക് ലിസ്‌റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഏറെ അസ്വസ്‌ഥയായിരുന്നു എന്നാണ് വിവരം.
രാഷ്‌ട്രീയ നേതാക്കളും ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്‌ഥരും അവരുടെ അടുത്ത ബന്ധുക്കൾക്ക് നിയമനം നൽകാൻ പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. ജാർഖണ്ഡ് പോലീസ് നടത്തിയ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വർഷത്തിന് ശേഷം കഴിഞ്ഞ നവംബറിൽ സിബിഐ ജെപിഎസ്‌സി ചെയർമാൻ ഉൾപ്പടെ 60 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
രണ്ടുവർഷം മുൻപ് അവധിയിൽ പ്രവേശിച്ച ശാലിനി പിന്നീട് മടങ്ങിയെത്തിയില്ലെന്നാണ് ജാർഖണ്ഡിലെ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. കോച്ചിങ് ക്ളാസുകളെ ആശ്രയിക്കാതെയായിരുന്നു ശാലിനിയുടെ പഠനം. റാങ്ക് പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ 2024 സെപ്‌തംബറിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇതിൽ വിചാരണാ നടപടികൾ ആരംഭിക്കാനിരിക്കെയാണ് അസ്വാഭാവിക മരണം. കേസിന്റെ അന്വേഷണത്തിനായി കേരള പോലീസ് അടുത്ത ദിവസങ്ങളിൽ ജാർഖണ്ഡിലെത്തും. സഹോദരിയുടെ ജോലി നഷ്‌ടമായതിന്റെ മനോവിഷമത്തിലാണ് കൂട്ട ആത്‍മഹത്യയിലേക്ക് നയിച്ചതെന്ന സൂചന പോലീസിന് നേരത്തെ ലഭിച്ചിരുന്നു.
കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്‌സ് എക്‌സൈസ് ആൻഡ് കസ്‌റ്റംസ് ഓഫീസിലെ അഡീഷണൽ കമ്മീഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാൾ എന്നിവരെയാണ് 20ന് വൈകിട്ട് ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്‌സൈസ് ക്വാർട്ടേഴ്‌സിലെ 114ആം നമ്പർ വീട്ടിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
42 വയസുള്ള മനീഷ് വിജയ്‌യുടെ മൃതദേഹം ഹാളിനോട് ചേർന്നുള്ള വലത്തേ മുറിയിലും 35 വയസുള്ള സഹോദരിയുടേത് വീടിന് പിൻഭാഗത്തെ മുറിയിലും 80 വയസുകാരിയായ മാതാവിന്റേത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പ് കൊണ്ട് മൂടി പൂക്കൾ വർഷിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മനീഷിന്റെ ഇളയ സഹോദരി പ്രിയ അജയ് അബുദാബിയിൽ നിന്ന് എത്തിയശേഷം ഇന്ന് പോസ്‌റ്റുമോർട്ടം നടത്തും.
മാതാവ് സ്‌ഥിരമായി പൂക്കൾ വാങ്ങിയിരുന്നതിന്റെ ബില്ലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബില്ലിലെ തീയതി 14 ആണ്. വീട്ടിൽ സ്‌ഥിരമായി പൂജകൾ നടത്തിയിരുന്നു. ഇവർക്ക് പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. അമ്മയുടെ മൃതദേഹത്തിൽ നിന്നും മുറിയിൽനിന്നുമായി പത്ത് പവന്റെ സ്വർണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. അടുക്കളയിൽ സ്‌റ്റൗവിന് സമീപം കത്തി ചാരമായ നിലയിൽ കണ്ടെത്തിയ കടലാസുകൾ എന്തെന്ന് വ്യക്‌തമല്ല.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ








































