തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം എത്തും. നാഷണൽ ഔട്ട്ബ്രേക്ക് റെസ്‌പോൺസ് ടീമാണ് സംസ്‌ഥാനത്തേക്ക് എത്തുക. ഒരാഴ്‌ചയ്‌ക്കുള്ളിൽ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കേരളത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തിലെ നിലവിലെ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. അതിനിടെ, പാലക്കാട് ചികിൽസയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം പുറത്തുവന്നു. മൂന്ന് പേരുടെയും ഫലം നെഗറ്റീവാണ്.
കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണ്. ഇതോടെ ആശങ്ക അകന്നു. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുരണ്ടുപേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസയിലാണ്.
സംസ്‌ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേരുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിൽസയിലുള്ളത്. അഞ്ചുപേർ ഐസിയുവിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിൽ ഉണ്ട്.
കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യപ്രവർത്തകരാണ്. പ്രദേശത്ത് പനി സർവൈലൻസ് നടത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. നിപ സ്‌ഥിരീകരിച്ച പാലക്കാട്ടെയും മലപ്പുറത്തെയും വ്യക്‌തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്‌തമാക്കാനും നിർദ്ദേശം നൽകി.
Most Read| ‘അമേരിക്ക പാർട്ടി’; യുഎസിൽ പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി ഇലോൺ മസ്‌ക്







































