ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറൻ വെള്ളിയാഴ്‌ച ബിജെപിയിൽ ചേരും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് എക്‌സിലൂടെ ഇക്കാര്യം വ്യക്‌തമാക്കിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചംപയ് സോറൻ കൂടിക്കാഴ്‌ച നടത്തുന്ന ചിത്രവും അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചു.
ജാർഖണ്ഡിന്റെ ചുമതലയുള്ള ബിജെപി നേതാവാണ് ഹിമന്ത. ജാർഖണ്ഡ് സംസ്‌ഥാന രൂപീകരണത്തിന് നിർണായക പങ്കുവഹിച്ച, ആദിവാസി സമൂഹത്തിൽ വലിയ സ്വാധീനമുള്ള നേതാവാണ് ചംപയ് സോറൻ. മുഖ്യമന്ത്രി ഹേമന്ത് സോറനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടി വിടുമെന്ന് ചംപയ് സോറൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്‌കാരവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ചംപയ് സോറൻ എക്‌സിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിൽ വ്യക്‌തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ഹേമന്ത് സോറൻ രാജിവെച്ചപ്പോഴാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്.
തുടർന്ന് അഞ്ചുമാസത്തിന് ശേഷം ജാമ്യം ലഭിച്ചു തിരിച്ചെത്തിയ ഹേമന്ത് സോറനുവേണ്ടി ചംപയ് സോറൻ മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞു. ഇതിൽ ചംപയ് സോറൻ അസ്വസ്‌ഥനായിരുന്നു എന്നാണ് വിവരം. പാർട്ടിയിൽ ഉണ്ടായ അധികാര തകർക്കങ്ങളെ തുടർന്ന് ഹേമന്ത് സോറനുമായി ചംപയ് സോറൻ അകൽച്ചയിലായിരുന്നു.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം