ആലപ്പുഴ: മൂന്ന് യുവതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പാലിപ്പുറം ചൊങ്ങുംതറ സിഎം സെബാസ്‌റ്റ്യനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 17ആം വയസിൽ ബന്ധുക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചതായാണ് കണ്ടെത്തൽ. കുടുംബ ഓഹരി വീതവുമായി ബന്ധപ്പെട്ട തർക്കത്തിലായിരുന്നു ഇത്.
വിഷയത്തിൽ സെബാസ്‌റ്റ്യനെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തർക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സെബാസ്‌റ്റ്യൻ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തിൽ വിഷം കലർത്തിയത്. ഭക്ഷണം കഴിച്ച മൂന്നുപേർ അവശനിലയിലായി ആശുപത്രിയിലായെന്ന് സെബാസ്‌റ്റ്യന്റെ അയൽവാസിയായ ടിആർ ഹരിദാസ് പറഞ്ഞു.
അന്ന് ഇത് സംബന്ധിച്ച് പോലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. എന്നാൽ, സെബാസ്‌റ്റ്യന്റെ ഒരു ബന്ധു കഴിഞ്ഞദിവസം ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പത്താം ക്ളാസ് വരെ പഠിച്ച സെബാസ്‌റ്റ്യൻ അതിനുശേഷം സ്വകാര്യ ബസിൽ ക്ളീനറായി ജോലി ചെയ്‌തു. അതിനു ശേഷമാണ് റിയൽ എസ്‌റ്റേറ്റ് ബ്രോക്കറായത്. 50ആം വയസിലായിരുന്നു വിവാഹം.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്‌മനാഭൻ (52), വാരനാട് സ്വദേശി റിട്ട. ഗവ. ഉദ്യോഗസ്‌ഥ ഐഷ (57), കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ (54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്‌റ്റ്യനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. എന്നാൽ, തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പിൽ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയലും രണ്ട് ചെരുപ്പുകളും കണ്ടെത്തിയിരുന്നു.
Most Read| വ്യാപാര യുദ്ധവുമായി ട്രംപ്; അധിക തീരുവ ബാധിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ