ന്യൂഡെൽഹി: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരെ കെണിയിൽ പെടുത്തിയതെന്ന് സൂചന. മാവോവാദി നേതാവിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്ന് തിരച്ചിലിനിറങ്ങിയ സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരം കൈമാറിയവർ സുരക്ഷാ സൈനികരെ കെണിയിൽ പെടുത്തിയെന്നാണ് സംശയിക്കുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ഇന്നലെയാണ് ഛത്തീസ്ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. സൈനികർ സഞ്ചരിച്ച ബസ് കുഴി ബോംബുവച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. 25 ജവാൻമാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പടെ അഞ്ച് സൈനികർ ഇന്നലെ തന്നെ കൊല്ലപ്പെട്ടിരുന്നു. വനമേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ബർസൂർ-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്.
ഏറ്റുമുട്ടൽ 4 മണിക്കൂറോളം നീണ്ടുനിന്നു. വളരെ കൃത്യമായ രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സൈന്യം മാവോവാദി നേതാവിന് വേണ്ടി തിരച്ചിലിന് ഇറങ്ങിയതെന്നാണ് വെളിപ്പെടുത്തൽ. ലഭിച്ച വിവരം ശരിയാണെന്ന് അനുമാനിക്കാൻ തക്കവിധമുള്ള തെളിവുകളും ലഭിച്ചിരുന്നു. എന്നാൽ ഏറ്റുമുട്ടൽ നടന്നതിനുശേഷം നടത്തിയ വിലയിരുത്തലിൽ സുരക്ഷാ സൈന്യത്തിന് ലഭിച്ച വിവരങ്ങൾ കെണിയിൽ പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി ഉയർന്നു. കൂടാതെ 31 സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് സുരക്ഷാ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 15ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും റിപ്പോർടുകൾ സൂചിപ്പിക്കുന്നുണ്ട്.
Read also: വിദേശയാത്രാ ആവശ്യത്തിന് സൗജന്യ കോവിഡ് പരിശോധനയില്ല; ഖത്തർ






































