തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണറേറിയം കേന്ദ്രം വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്‌ഥാനവും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സിപിഐയും ആർജെഡിയും യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സമരം തീർക്കണമെന്ന് ഘടകകക്ഷികൾ യോഗത്തിൽ ആവശ്യപ്പെട്ടു. സമരം തീർക്കുന്നതിൽ പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
അതിനിടെ, ആശാ വർക്കർമാർക്ക് പൂർണ പിന്തുണ വാഗ്‌ദാനം ചെയ്‌ത് യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്‌കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശമാരെ സമര പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാൻ മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മീഷണർ വഴി കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോർജ് വ്യക്‌തമാക്കി. കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റസിഡന്റ് കമ്മീഷണർ വഴി നിവേദനം നൽകി. ആശാ വർക്കർമാരുടെ ഉൾപ്പടെയുള്ള വിഷയങ്ങൾ നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ