തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി ഉണ്ടാകുന്ന അസ്വാഭാവിക മഴയെ തുടർന്ന് മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും, ജനങ്ങൾ പരമാവധി ജാഗ്രത പുലർത്തേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശപ്രകാരം എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർടും നിലനിൽക്കുന്നുണ്ട്.
കൂടാതെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിനാൽ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. മലയോര മേഖലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട അതി ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also: ഭക്ഷ്യ വിഷബാധയേറ്റ് മരണം; കുട്ടിയുടെ അമ്മയും ചികിൽസയിൽ