തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തല. വാസ്തവത്തിൽ ആദ്യം രാജി വെക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറയുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത സ്വർണക്കള്ളക്കടത്തും ഹവാല ഇടപാടുകളും ഡോളർ കടത്തും ഉൾപ്പടെയുള്ളവ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ഗുരുതരമായ അധോലോക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നെന്ന് ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിക്ക് മുമ്പേ രാജി വെക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല തുറന്നടിച്ചു.
പാർട്ടി സെക്രട്ടറി ചികിൽസക്കായി മുമ്പും അമേരിക്കയിൽ പോയിട്ടുണ്ടെന്നും അന്നൊന്നും സ്ഥാനം ഒഴിഞ്ഞിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ പൊടുന്നനെ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത് പാർട്ടിക്കകത്തെ ഗുരുതര അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതുപോലൊരു അവസ്ഥയും പ്രതിസന്ധിയും പാർട്ടിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടി സെക്രട്ടറിയുടെ സ്ഥാനം ഒഴിയൽ കൊണ്ടുമാത്രം ഈ അവസ്ഥക്ക് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി രാജി വെച്ച് മാതൃക കാട്ടണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇനിയുമത് ചെയ്തില്ലെങ്കിൽ കൂടുതൽ അപമാനം സഹിച്ച് പുറത്തുപോകേണ്ട അവസ്ഥ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത്രയും നാൾ പാർട്ടി വേറെ മകൻ വേറെ എന്നാണ് കോടിയേരി പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ രണ്ടും ഒന്നാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടിരിക്കുന്നു. മകൻ തെറ്റ് ചെയ്താൽ പാർട്ടി സെക്രട്ടറിക്ക് എന്താണ് ഉത്തരവാദിത്തം എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിയല്ലോ എന്നും ചെന്നിത്തല പരിഹസിച്ചു. ഇതുപോലെ പാർട്ടിയും സർക്കാരും ദുഷിച്ചുനാറിയ ഒരു കാലഘട്ടം കേരളാ ചരിത്രത്തിൽ ഇനി ഉണ്ടാകില്ല. അധോലോക പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെച്ച് ജനവിധി തേടാൻ തയാറാകണമെന്ന് ചെന്നിത്തല ആവർത്തിച്ചു.
Also Read: കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു







































