മലപ്പുറം: ജില്ലയിൽ വീണ്ടും ശൈശവ വിവാഹം നടന്നതായി റിപ്പോർട്. 16 വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. തുടർന്ന് ആറ് മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിൽസയ്‌ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്‌തമായത്.
ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് സംഭവം പോലീസിനെയും സിഡബ്‌ളുസിയെയും അറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം.
സംഭവത്തിൽ പോലീസിന് റിപ്പോർട് നൽകിയിട്ടുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർപേഴ്‌സൺ പ്രതികരിച്ചു. സംഭവത്തിൽ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ വിവാഹം ചെയ്‌ത വണ്ടൂർ സ്വദേശിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം. മലപ്പുറത്ത് നേരത്തെയും സമാന രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്‌ളുസി ഇടപെട്ട് തടഞ്ഞിരുന്നു.
Most Read: കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പ് ജീവനക്കാരന് കുത്തേറ്റു