കാസർഗോഡ്: നാലാം ക്ളാസിൽ കിട്ടിയ അടിക്ക് 62ആം വയസിൽ തിരിച്ചടി. സിനിമാക്കഥയല്ലിത്, കാസർഗോഡിലെ വെള്ളരിക്കുണ്ടിൽ നടന്ന പ്രതികാര സംഭവമാണ്. മാലോത്തെ ബാലകൃഷ്‌ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരം ചെയ്‌ത് കേസിൽ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പിൽ വിജെ ബാബുവാണ് (62) പരാതിക്കാരൻ. മാലോം സ്വദേശികളായ ബാലകൃഷ്‌ണൻ (62), സുഹൃത്ത് വലിയപ്ളാക്കൽ മാത്യു (61) എന്നിവരുടെ പേരിലാണ് കേസ്. ഒരാഴ്‌ച മുൻപ് മാലോം ടൗണിൽ വെച്ച് ബാലകൃഷ്‌ണനും ബാബുവും തമ്മിൽ വാക്കേറ്റം നടന്നിരുന്നു.
നാലാം ക്ളാസിൽ വെച്ച് എന്നെ അടിച്ചത് മറന്നില്ലെന്നാണ് അന്ന് ബാബു പറഞ്ഞത്. വാക്കേറ്റം നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ ഈ മാസം ഒന്നിന് ഇതേചൊല്ലി ടൗണിൽ വെച്ച് ഇരുവരും വീണ്ടും കൊമ്പുകോർത്തു. ബാലകൃഷ്‌ണന്റെ സുഹൃത്ത് മാത്യുവും ഒപ്പമുണ്ടായിരുന്നു. ബാലകൃഷ്‌ണൻ ബാബുവിനെ തടഞ്ഞുവെക്കുകയും മാത്യു കല്ലുകൊണ്ട് മുഖത്തടിക്കുകയും ചെയ്‌തെന്നാണ് കേസ്. ബാബുവിന്റെ രണ്ട് പല്ലിന് കേടുപറ്റി.
നാലാം തരത്തിൽ ബാബുവും ബാലകൃഷ്‌ണനും ഒരേ ക്ളാസിലായിരുന്നു. ഇടയ്‌ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്‌തിരുന്നതായി ബാലകൃഷ്‌ണൻ വെള്ളരിക്കുണ്ട് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അന്ന് ബാബു തന്നെ മർദ്ദിച്ചതിലുള്ള വിരോധമാണ് ഇപ്പോൾ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്‌ണന്റെ മൊഴിയിലുണ്ട്.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം