ബെയ്‌ജിങ്: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ചൈന. 167.8 ബില്യൺ ഡോളർ ചിലവഴിച്ച് നിർമിക്കുന്ന അണക്കെട്ടിന്റെ നിർമാണ പ്രവൃത്തികൾക്ക് ശനിയാഴ്‌ച മുതൽ തുടക്കമായതാണ് റിപ്പോർട്. ചൈനീസ് പ്രീമിയർ ലി ക്വിയാങ് ആണ് അണക്കെട്ടിന്റെ നിർമാണോൽഘാടനം നടത്തിയത്.
ടിബറ്റ് സ്വയംഭരണ പ്രദേശത്തെ നിയിങ്‌ചിയിലെ മെയിൻലിങ് ജലവൈദ്യുത നിലയത്തിന്റെ നിർമാണ സ്‌ഥലത്താണ് തറക്കല്ലിടൽ ചടങ്ങ് നടന്നതെന്ന് ചൈനീസ് സർക്കാർ നിയന്ത്രിത വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട് ചെയ്‌തു. നിർമാണം പൂർത്തിയാകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായി ഇത് മാറും.
പദ്ധതിയിൽ 5 ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടും. ഇതിനായി ഏകദേശം 1.2 ട്രില്യൺ യുവാൻ (ഏകദേശം 167.8 ബില്യൺ യുഎസ് ഡോളർ) വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 30 കോടിയിലധികം ആളുകളുടെ വാർഷിക ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്‌തമായ വൈദ്യുതിയാകും ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കുക എന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞവർഷം ഡിസംബറിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ബ്രഹ്‌മപുത്ര നദി അരുണാചൽ പ്രാദേശിലേക്കും തുടർന്ന് ബംഗ്ളാദേശിലേക്കും ഒഴുകുന്നതിനായി ഒരുവലിയ വളവ് തിരിയുന്ന ഒരു ഭീമൻ മലയിടുക്കിലാണ് അണകെട്ട് നിർമിക്കുന്നത്. എന്നാൽ, നദിയുടെ താഴ്‌ഭാഗത്തുള്ള രാജ്യങ്ങളായ ഇന്ത്യയെയും ബംഗ്ളാദേശിനെയും പുതിയ അണക്കെട്ട് ആശങ്കയിലാക്കിയിട്ടുണ്ട്.
ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിയുന്നതിന് പുറമെ അണക്കെട്ടിന്റെ വലിപ്പവും വ്യാപ്‌തിയും സംഘർഷ സമയങ്ങളിൽ അതിർത്തി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുന്ന രീതിയിൽ വലിയ അളവിൽ വെള്ളം തുറന്നുവിടാൻ ചൈനയെ പ്രാപ്‌തമാക്കുമെന്നതാണ് ഇന്ത്യയിൽ ആശങ്കകൾക്ക് കാരണം. അതേസമയം, അരുണാചൽ പ്രദേശിൽ ബ്രഹ്‌മപുത്രയ്‌ക്ക് കുറുകെ ഇന്ത്യയും ഒരു അണക്കെട്ട് നിർമിക്കുന്നുണ്ട്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!