വാഷിങ്ടൻ: പകരചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. യുഎസിന്റെ ബ്ളാക്ക്‌മെയിൽ നയം അംഗീകരിക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും ചൈന വ്യക്‌തമാക്കി.
ബദൽ പദ്ധതി രൂപീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചു. തീരുവ അടിച്ചേൽപ്പിച്ച് ലോകരാജ്യങ്ങളെ വട്ടംകറക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇതേത്തുടർന്ന് ആഗോളവിപണികൾ ഇടിയുകയും ലോക രാജ്യങ്ങൾ സാമ്പത്തികമാന്ദ്യ ഭീഷണി നേരിടുകയാണ്. ചൈന അമേരിക്കയ്‌ക്ക് മേൽ ഏർപ്പെടുത്തിയ 34% തീരുവ പ്രഖ്യാപിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനകം തീരുമാനം പിൻവലിക്കണമെന്നാണ് മുന്നറിയിപ്പ്.
ചൈന തീരുവ പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം തീരുവ കൂടി ഏർപ്പെടുത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. യുഎസിനെതിരെ പ്രതികാര നടപടിയായി നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുന്ന ഏതൊരു രാജ്യത്തിനും അധിക നികുതി നൽകേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. യുഎസിന് മേൽ ചൈന ചുമത്തിയ 34% നികുതി ഏപ്രിൽ എട്ടിനകം പിൻവലിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
ഇല്ലെങ്കിൽ ഏപ്രിൽ ഒമ്പത് മുതൽ 50% ശതമാനം അധിക തീരുവ ചൈനയ്‌ക്ക് മേൽ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ചൈനയുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കുമെന്നും താരിഫ് വിഷയത്തിൽ യുഎസുമായി ചർച്ചയ്‌ക്ക് ശ്രമിക്കുന്ന രാജ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ഈ സംഭവത്തിലൂടെ അമേരിക്കയുടെ ബ്ളാക്ക്‌മെയിൽ സ്വഭാവം തുറന്നുകാട്ടപ്പെടുകയാണെന്നും അമേരിക്കയുടെ ഭാഗത്ത് നിന്ന് ബുദ്ധിമോശം ആവർത്തിക്കുകയാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. തങ്ങളുടെ ഇഷ്‌ടത്തിന് വഴങ്ങണമെന്ന് അമേരിക്ക നിർബന്ധം പിടിച്ചാൽ അവസാനംവരെ പോരാടുമെന്നും ചൈന വ്യക്‌തമാക്കി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ