കോവിഡിന് സമാനമായ മറ്റൊരു ആഗോള മഹാമാരി ഉടൻ ഉണ്ടാകുമോയെന്ന ആശങ്ക പങ്കുവെച്ച് ചൈനീസ് ശാസ്‌ത്രജ്‌ഞർ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന പുതിയ കൊറോണ വൈറസായ എച്ച്കെയു-കോവി 2ന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്ക പങ്കുവെച്ച് ശാസ്‌ത്രജ്‌ഞർ രംഗത്തെത്തിയത്.
ചൈനയിലെ വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഒരുകൂട്ടം ഗവേഷകർ പുറത്തുവിട്ട പുതിയ പഠനഫലമാണ് ആരോഗ്യ രംഗത്ത് ആശങ്ക പരത്തുന്നത്. ബാറ്റ് വുമൺ എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത വൈറോളജിസ്‌റ്റ് സെങ്- ലി ഷീയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. 2003ലെ സാർസ് മഹാമാരി, 2012ലെ മെർസ്, 2019ലെ കോവിഡ് എന്നിവയുടെയെല്ലാം ഉൽഭവം കണ്ടെത്തുന്നതിൽ മുഖ്യ സ്‌ഥാനം വഹിച്ച ശാസ്‌ത്രജ്‌ഞരിൽ ഒരാളാണ് സെങ് ലെ ഷീ.
കോവിഡിനെ പോലെ മനുഷ്യരുടെ എസിഇ2 കോശങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന വൈറസാണ് എച്ച്കെയു-കോവി5 എന്ന് സെൽ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കോവിഡ് പോലെ തന്നെ വവ്വാലുകളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ മനുഷ്യരിൽ ഈ വൈറസ് റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.
എന്നാൽ, കോശങ്ങൾക്കുള്ളിൽ കടക്കാൻ വ്യത്യസ്‌തമായ സമീപനമാണ് എച്ച്കെയു-കോവി 5 വൈറസുകൾ സ്വീകരിച്ച് വന്നിരുന്നതെന്ന് ഇന്ത്യയിലെ ആരോഗ്യ വിദഗ്‌ധർ പറയുന്നു. അതേസമയം, ഇതിന്റെ മറ്റൊരു വകഭേദമായ എച്ച്കെയു-കോവി 2 ആകട്ടെ മനുഷ്യരിലെ എസിഇ-2 എന്ന റിസപ്‌റ്റർ പ്രോട്ടീനുകളെയാണ് കോശങ്ങൾക്കുള്ളിലേക്കുള്ള പ്രവേശനത്തിന് ഉപയോഗപ്പെടുത്തുന്നത്. ഇതാണ് ആശങ്കയ്‌ക്ക് പ്രധാന കാരണവും.
എച്ച്കെയു-കോവി 2 മിഡിൽ ഈസ്‌റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം (മെർസ്) ഉണ്ടാകുന്ന വൈറസിന് സമാനമാണെന്ന് നെഫ്രോൺ ക്ളിനിക്ക് ചെയർമാൻ ഡോ. സഞ്‌ജീവ് ബാഗായി ഗൈ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറയുന്നു. വൈറസിൽ കാര്യമായ ജനിതക പരിവർത്തനങ്ങൾ കാണപ്പെടാത്തതിനാൽ വ്യാപകമായി പടരാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എസിഇ 2 റിസപ്റ്ററുകളെ ഉപയോഗപ്പെടുത്തുമെങ്കിലും കാര്യക്ഷമതയോടെ കാര്യത്തിൽ എച്ച്കെയു-കോവി 2, സാർസ് കോവി2വിനെ അപേക്ഷിച്ച് അത്ര മികച്ചതല്ലെന്ന് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ അസോസിയേറ്റ് ഫെലോ ആയ ഡോ. കെഎസ് ഉപലബ്‌ദ് ഗോപാലും അഭിപ്രായപ്പെടുന്നു. ഇതിനാൽ ഇപ്പോൾ ആശങ്കയ്‌ക്ക് വകയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, തുടർ നിരീക്ഷണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!