കണ്ണൂർ: കുടിശ്ശിക പിരിച്ചെടുത്താൽ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുമെന്ന് പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി മുൻ പ്രസിഡണ്ട് എ പ്രിയൻ. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന സംഭവത്തിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ മൊഴി നൽകാൻ പ്രസിഡണ്ട് എത്തിയിരുന്നു. വിജിലൻസ് പോലീസ് അന്വേഷണങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സൊസൈറ്റി സെക്രട്ടറി പിവി ഹരികുമാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇന്ന് ഹാജരായില്ല.
സെക്രട്ടറിക്ക് എതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് കേസ് അന്വേഷിക്കുന്ന അസി.രജിസ്ട്രാർ പ്രദോഷ് കുമാർ വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമില്ലന്നും, ക്രമക്കേടിൽ സൊസൈറ്റി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന കാര്യം അറിയില്ലെന്നും പ്രസിഡണ്ട് പറഞ്ഞു. കുടിശ്ശിക പിരിച്ചെടുത്ത് നിക്ഷേപകർക്ക് പണം തിരിച്ച് നൽകാനാണ് തീരുമാനം. ചിട്ടി ഇടപാടിന്റെ വിശദാംശങ്ങൾ അന്വേഷണം നടക്കുന്നതിനാൽ പുറത്ത് പറയാനാകില്ല. തട്ടിപ്പിൽ പങ്കുണ്ടെന്ന നിക്ഷേപകരുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും സിപിഎം നെടുമ്പൊയിൽ ലോക്കൽ സെക്രട്ടറി കൂടിയായ എ പ്രിയൻ പറഞ്ഞു.
അതേസമയം, പണം നഷ്ടപ്പെട്ട നിക്ഷേപകർ ഇന്ന് മുതൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാര സമരം നടത്തുകയാണ്. ഇന്ന് മുതൽ അഞ്ച് ദിവസം റിലേ സത്യാഗ്രഹം നടത്താനാണ് ഇവരുടെ തീരുമാനം. അതേസമയം, ഇത് സൂചനാ പ്രതിഷേധമാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും നിക്ഷേപകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി പേരാവൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളും എത്തി.
Most Read: സംസ്ഥാനത്ത് തൽക്കാലത്തേക്ക് ലോഡ്ഷെഡിംഗ്, പവർ കട്ട് എന്നിവ ഉണ്ടാവില്ല; മന്ത്രി







































