കൊച്ചി: മലയാറ്റൂരിൽ ബിരുദ വിദ്യാർഥിനി മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ ബന്ധുക്കൾ രംഗത്ത്. അന്വേഷണ സംഘം പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു ശരത് ലാൽ പറഞ്ഞു. ഇക്കാര്യം പോലീസിനെ അറിയിച്ചു.
ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതാണ് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത്. ചിത്രപ്രിയയുടെ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ (21) കാലടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് അലൻ പോലീസിന് നൽകിയ മൊഴി.
ചെവിക്ക് താഴെ കല്ലുകൊണ്ട് അടിയേറ്റതിനെ തുടർന്നുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മലയാറ്റൂർ അടിവാരത്തിന് സമീപം സെബിയൂർ, കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായിരുന്നു ചിത്രപ്രിയ.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്






































