കൊച്ചി: സംസ്‌ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി സമർപ്പിച്ച ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. നിരക്കുകൾ നിയന്ത്രിക്കാൻ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം തിരുവാർപ്പ് സ്വദേശിയായ മനു നായർ ജി ആണ് ഹൈക്കോടതിയെ സമീപിച്ചത്.
സിനിമാ തിയേറ്ററുകളിൽ, പ്രത്യേകിച്ച് മൾട്ടിപ്ളക്‌സുകളിൽ തോന്നിയ നിരക്കിലാണ് ടിക്കറ്റ് വില ഉയർത്തുന്നതെന്നും, ഇവർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു. 1958ലെ കേരള സിനിമാസ് (നിയന്ത്രണ) നിയമത്തിന്റെ അടിസ്‌ഥാനത്തിൽ അധികൃതരുടെ മേൽനോട്ടമോ പൊതുവായ അനുമതിയോ ഇല്ലാതെയാണ് തിയേറ്ററുകൾ നിരക്ക് വർധിപ്പിക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
ആവശ്യം കൂടുന്നതിന് അനുസരിച്ച് നിരക്ക് വർധിപ്പിക്കുകയാണ്. എന്നാൽ, കേരളത്തിന്റെ അയൽ സംസ്‌ഥാനങ്ങളിൽ ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നത് തടയാൻ സംവിധാനങ്ങളുണ്ട്. ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ വിവിധതരത്തിലുള്ള നിയന്ത്രണങ്ങളുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ പ്രമുഖ തിയേറ്റർ ശൃംഖലകളായ പിവിആർ, സിനിപൊളിസ്, കാർണിവൽ സിനിമ, ഐനോക്‌സ് തുടങ്ങിയവയെ എതിർ കക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്. ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ, ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചാണ് സർക്കാരിന് നോട്ടീസ് അയച്ചത്. കേസ് ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കും.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































