കണ്ണൂർ: ജില്ലയിൽ ഗെയ്ൽ പൈപ്‌ലൈൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ നേരിട്ട് പൈപ്പുകൾ വഴി പാചകവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസിന്റെ കണക്ഷൻ ഏപ്രിൽ അവസാനത്തോടെ സജ്‌ജമാകും. ഇതിനായി പൈപ്പുകൾ സ്‌ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞതായി ‘സിറ്റി ഗ്യാസ് പദ്ധതി‘ അധികൃതർ അറിയിച്ചു.
ഫെബ്രുവരി ആദ്യ വാരത്തോടെ കൂടാളി, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്തുകളിലെ വീടുകളിലേക്ക് പൈപ്പ് ഇടുന്ന പ്രവൃത്തി ആരംഭിക്കും. ഇതിനായുള്ള വെൽഡിങ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ മൂന്ന് പഞ്ചായത്തുകളിലായി അഞ്ഞൂറോളം വീടുകൾക്കാണ് കണക്ഷൻ ലഭിക്കുക.
അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് സ്‌റ്റേഷന്റെ പ്രവർത്തനങ്ങൾ കൂടാളിയിൽ പുരോഗമിക്കുകയാണ്. സിറ്റി ഗ്യാസ് സ്‌റ്റേഷൻ പരിധിയിലുള്ള വീടുകളിലാണ് ആദ്യം പാചകവാതകം (പിഎൻജി പൈപ്‌ഡ് നാച്വറൽ ഗ്യാസ്) എത്തിക്കുക.
കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽ നിന്നും ഇതിനായി അനുമതി ലഭിച്ചിട്ടുണ്ട്. തലശ്ശേരി മുതൽ മാഹി വരെയുള്ള പ്രദേശങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഗാർഹിക ഗ്യാസ് കണക്ഷൻ ലഭ്യമാക്കുക.
Malabar News: കാലിക്കറ്റ് സർവകലാശാല; അസിസ്‌റ്റൻഡ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്‌റ്റിന് അനുമതി







































