ബെംഗളൂരു: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ സംസ്കാരം നാളെ. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലാരിക്കും സംസ്കാരം. പോസ്റ്റുമോർട്ടത്തിന് ശേഷം രാവിലെ ഒമ്പത് മണിയോടെ ബെംഗളൂരു ബോറിങ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിൽ എത്തിക്കും.
സഹോദരൻ സിജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം. മരണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടിജെ ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു.
ഈ സാഹചര്യത്തെ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും ഇന്ന് രേഖപ്പെടുത്തും. സിജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.
കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്നും സീമന്ത് കുമാർ സിങ് പറഞ്ഞു. സിജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വെടിയുതിർത്ത തോക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ, സാമൂഹിക മാദ്ധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബെംഗളൂരുവിലെ ലാംഫേർഡ് റോഡിലുള്ള റീച്ച്മണ്ട് സർക്കിളിന് സമീപം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിനുള്ളിൽ ഇന്നലെയാണ് റോയിയെ ജീവനോടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിലും ബെംഗളൂരുവിലും ഗൾഫിലും നിക്ഷേപമുള്ള വ്യവസായ പ്രമുഖനായിരുന്നു സിജെ റോയ്.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ




































