ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്‌ത് പോലീസ്. ജോയിന്റ് ഡയറക്‌ടർ കൃഷ്‌ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്‌തത്. കൂടുതൽ ഉദ്യോഗസ്‌ഥരെ ഇന്ന് ചോദ്യം ചെയ്‌തേക്കും.
കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ ഇന്നലെ രാത്രിയിലും പരിശോധന നടന്നിരുന്നു. പുതിയ അന്വേഷണ സംഘം രാത്രി വൈകിയും പരിശോധന തുടർന്നു. സിജെ റോയിയുടെ സംസ്‌കാരം ഇന്ന് നടക്കും. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബന്നാർഘട്ടയിലെ നേച്ചർസ് കാസ്‌കേഡിലാണ്. ഉച്ചയ്‌ക്ക് രണ്ടുമണിവരെ പൊതുദർശനം ഉണ്ടാകും.
സെന്റ് ജോസഫ്‌സ് സിറോ മലബാർ പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം വൈകീട്ട് നാലുമണിക്കാണ് സംസ്‌കാരം. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വെസ്‌റ്റ് സോൺ ജോയിന്റ് കമ്മീഷണർ സി. വംശി കൃഷ്‌ണയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.
ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരുടെ സമ്മർദ്ദമാണ് റോയിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് ആദായനികുതി ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പോലീസ് കടന്നത്. സിജെ. റോയിക്ക് മറ്റേതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഭീഷണി ഉണ്ടായിട്ടുണ്ടോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ





































