ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ജൂനിയർ കമ്മീഷൻ ഓഫിസർ ഉൾപ്പടെ അഞ്ച് സൈനികരെയാണ് ഭീകരർ കൊലപ്പെടുത്തിയത്.
പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ഭീകരർ ശ്രമിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് സുരക്ഷാ സേന പൂഞ്ച് ജില്ലയിൽ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ, തിരച്ചിലിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ച് സൈനികരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ടുപേരെ വധിച്ചെന്നുമാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Also Read: കൽക്കരി ക്ഷാമം; കൂടുതൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിൽ