ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിൽ മേഘവിസ്‌ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്. പത്തുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തകർ അപകട മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
കിഷ്‌ത്വാർ കലക്‌ടർ പങ്കജ് കുമാർ ശർമയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ”ചോസിതി മേഖലയിൽ കാര്യമായ ആൾനാശത്തിന് കാരണമായേക്കാവുന്ന കനത്ത മേഘവിസ്‌ഫോടനം ഉണ്ടായിട്ടുണ്ട്. ഭരണകൂടം രക്ഷാപ്രവർത്തനം തുടങ്ങി. രക്ഷാപ്രവർത്തകർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ആവശ്യമായ രക്ഷാ, മെഡിക്കൽ നടപടികൾ കൈക്കൊള്ളുന്നുണ്ട്. സാധ്യമായ എല്ലാ സഹായവും നൽകും”- ജിതേന്ദ്ര സിങ് എക്‌സിൽ അറിയിച്ചു.
സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ സിവിൽ, പോലീസ്, സൈന്യം, ദേശീയ-സംസ്‌ഥാന ദുരന്ത പ്രതികരണ സേനകൾ എന്നിവർക്ക് രക്ഷാപ്രവർത്തനത്തിന് നിർദ്ദേശം നൽകിയതായി ജമ്മു കാശ്‌മീർ ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു. കിഷ്‌ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്‌ഫോടനവും തുടർന്ന് മിന്നൽ പ്രളയവും ഉണ്ടായത്.
Most Read| ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി; എട്ട് ആഴ്‌ചകൾക്കകം മറുപടി നൽകണമെന്ന് സുപ്രീം കോടതി






































