തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരെ പുനരധിവസിക്കാൻ ആവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗൺഷിപ്പ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചൂരൽമലയിൽ പുതിയ വീടുകൾ നിർമിച്ച് നൽകാൻ ധാരാളം പേർ മുന്നോട്ട് വരുന്നുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ നിർമിച്ച് നൽകും. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാർമല സ്കൂളിൽ പഠനം പുനരാരംഭിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ മന്ത്രി വയനാട്ടിലെത്തി ഏകോപിപ്പിക്കും. പ്രളയം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണ്. അതിതീവ്രമഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേന്ദ്ര ജല കമ്മീഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് മുന്നറിയിപ്പ് നൽകുന്നത്.
ഇക്കാര്യത്തിൽ കാലഘട്ടത്തിന് യോജിച്ച മാറ്റങ്ങൾ വരുത്താൻ എല്ലാവരും തയ്യാറാകണം. വയനാട്ടിലെ ദുരന്തത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. വയനാട്ടിലെ ദുരന്ത മേഖലയിലും ചാലിയാറിലും തിരച്ചിൽ തുടരുകയാണ്. നിലമ്പൂർ മേഖലയിൽ ചാലിയാറിൽ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ളതാണ്.
67 മൃതദേഹങ്ങളാണ് തിരിച്ചറിയാൻ പറ്റാതെ കണ്ടെത്തിയത്. സർവമത പ്രാർഥനയോടെ ഈ മൃതദേഹങ്ങൾ പഞ്ചായത്തുകൾ സംസ്കരിക്കും. ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകളും 98 പുരുഷൻമാരും. 30 കുട്ടികളും മരിച്ചു. 148 മൃതദേഹങ്ങൾ കൈമാറി. 206 പേരെ കണ്ടെടുക്കാനുണ്ട്. 81 പേർ പരിക്കേറ്റ് ചികിൽസയിലാണ്. 93 ക്യാമ്പുകളിലായി 10042 പേർ താമസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ഭീകരാക്രമണം; സുരക്ഷാ തന്ത്രങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി സൈന്യം








































