മലപ്പുറം: മങ്കടയിലെ എസ്‌ഡിപിഐയുടെ പിന്തുണ സംബന്ധിച്ച വാർത്തകളോട് വീണ്ടും പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിന് വേണ്ടി എൽഡിഎഫിന് അവസരവാദ നിലപാടില്ലെന്നും തത്വാധിഷ്‌ഠിത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‌ഡിപിഐയുടെ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് അവരോടാണ് ചോദിക്കേണ്ടത് അല്ലാതെ, തന്നോടല്ല. നാടിന് ആപത്തായതിനാലാണ് വർഗീയതയെ എൽഡിഎഫ് എതിർക്കുന്നത്. പത്തുവർഷം വർഗീയ സംഘർഷം കേരളത്തിൽ ഉണ്ടായില്ല. വർഗീയതയോട് വിട്ടുവീഴ്‌ചയില്ലാത്ത സമീപനമാണ് എൽഡിഎഫിന്. എല്ലാ വർഗീയതയെയും എൽഡിഎഫ് എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് യുഡിഎഫ്. അതിലൂടെ എന്തെങ്കിലും നേടാമെന്ന് അവർ വിചാരിക്കണ്ട. ജനം ശരിയായ രീതിയിൽ വിലയിരുത്തും. എല്ലാ വർഗീയ ശക്‌തികളോടും എന്നും ഒരേ നിലപാടാണ്. സിപിഎമ്മിന് ഏതെങ്കിലും വർഗീയ ശക്‌തികളുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എൽഡിഎഫിനെ അതിന് കിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ






































