ഗ്വാളിയാർ: 15 വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ ഗ്വാളിയാറിലെ ഫുട്പാത്തിൽ നിന്നും സഹപ്രവർത്തകർ കണ്ടെത്തി. സഹപ്രവർത്തകരും ഡി എസ് പിമാരുമായ രത്നേഷ് സിംഗ് തോമർ, വിജയ് സിംഗ് ബഹദൂർ എന്നിവരാണ് വർഷങ്ങൾക്ക് മുൻപ് കാണാതായ മനീഷ് മിശ്രയെ അവിചാരിതമായി കണ്ടെത്തിയത്. മാനസിക വിഭ്രാന്തിയോടു കൂടി തീർത്തും അസ്വസ്ഥനായിട്ടാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
2005ൽ ദാത്തിയയിൽ പോലീസ് ഇൻസ്പെക്ടറായി പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മനീഷ മിശ്രയെ കാണാതായത്.
ഗ്വാളിയാറിലെ ഒരു വിവാഹ ഹാളിന് സമീപത്തുകൂടി വാഹനത്തിൽ സഞ്ചരിക്കവെയാണ് യാചകനെന്ന് തോന്നിപ്പിക്കുന്ന ഒരാൾ ഭക്ഷണാവശിഷ്ടങ്ങൾ തിരയുന്നത് ഡി എസ് പിമാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അയാളുടെ അടുത്തേക്ക് പോവുകയും ജാക്കറ്റ് ഊരി നൽകുകയും ചെയ്തു. ഇതിനിടെ ‘യാചകൻ’ ഇരുവരുടെയും പേര് വിളിച്ചപ്പോഴാണ് മനീഷ് മിശ്ര ആണെന്ന് തിരിച്ചറിഞ്ഞത്.
മികച്ച അത്ലറ്റും ഷാർപ് ഷൂട്ടറുമായിരുന്ന മിശ്ര 1999ലാണ് തോമറിനും ബഹദൂറിനുമൊപ്പം പോലീസിൽ എത്തിയത്. എന്നാൽ വർഷങ്ങൾക്കുശേഷം മനീഷ് മിശ്രക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. തുടർന്ന് ചികിൽസ നടത്തി വരുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. നിലവിൽ മനീഷ് മിശ്രയെ ഒരു എൻജിഒയുടെ കീഴിലുള്ള അഭയ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.
Also Read: ബിഹാറിൽ എൻഡിഎ നിർണായക യോഗം ഇന്ന്; എംഎൽഎമാരുടെ യോഗം വിളിച്ച് ബിജെപിയും





































