പാലക്കാട്: ജില്ലയിലെ അയ്യപുരത്തുള്ള ശിശുപരിചരണ കേന്ദ്രത്തിൽ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കൈമാറി ജില്ലാ കളക്‌ടർ മൃൺമയി ജോഷി. ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചെന്ന പരാതിയാണ് കൈമാറിയിരിക്കുന്നത്. മാതാപിതാക്കൾ ഉപേക്ഷിച്ച 5 വയസിൽ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലാണ് സംഭവം നടന്നത്.
ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ റിപ്പോർട് പരിശോധിച്ചാണ് പോലീസ് അന്വേഷണത്തിന് പരാതി കൈമാറിയത്. അതിക്രമം നേരിട്ട കുട്ടികളെ മറ്റൊരു ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് നിലവിൽ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പല തവണയായി ശിശുക്ഷേമ സെക്രട്ടറി കെ വിജയകുമാര്‍ കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചെന്നാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്.
കുട്ടികളെ സ്‌കെയിൽ വച്ച് തല്ലിയെന്നാണ് ശിശുസംരക്ഷണ കേന്ദ്രത്തിലെ ആയ നൽകിയ പരാതിയിൽ വ്യക്‌തമാക്കുന്നത്. ആയ നൽകിയ പരാതിയിൽ ജില്ലാ കളക്‌ടർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ രാജി വെക്കുകയും ചെയ്‌തിരുന്നു.
Read also: ലോക്ക്‌ഡൗൺ; പൂട്ടി കിടന്ന ബാറുകളുടെ ലൈസൻസ് ഫീസ് കുറച്ച് ഉത്തരവ്








































