ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക്കിസ്‌ഥാൻകാർക്കായി അനുശോചനം അറിയിച്ച കൊളംബിയയുടെ നിലപാടിലുള്ള ഇന്ത്യയുടെ നിരാശ നേരിട്ട് വ്യക്‌തമാക്കിയതിന് പിന്നാലെ, തങ്ങളുടെ പാക്ക് അനുകൂല പ്രസ്‌താവനയിൽ മാറ്റം വരുത്താനൊരുങ്ങി കൊളംബിയ.
കൊളംബിയയിലെത്തിയ സർവകക്ഷി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് എംപി ശശി തരൂർ ഇന്ത്യയുടെ നിരാശ അറിയിച്ചതിന് പിന്നാലെയാണ് പ്രസ്‌താവന തിരുത്തി ഇന്ത്യക്ക് പിന്തുണ നൽകാൻ കൊളംബിയ ഒരുങ്ങുന്നതെന്ന് ശശി തരൂർ പറഞ്ഞു.
കൊളംബിയയുടെ നിലപാടിലുണ്ടായ മാറ്റത്തെ കുറിച്ച് ഇന്ത്യയുടെ മുൻ അംബാസഡറും ബിജെപി നേതാവുമായ തരൺജീത് സിങ് സന്ധുവും വ്യക്‌തമാക്കി. കൊളംബിയയുടെ ആക്റ്റിങ് ഫോറിൻ മിനിസ്‌റ്ററുമായി പ്രതിനിധി സംഘം കൂടിക്കാഴ്‌ച നടത്തുകയും കൊളംബിയയുടെ ശ്രദ്ധയിൽപ്പെടാത്ത വിഷയങ്ങളുൾപ്പടെ അവതരിപ്പിക്കുകയും, കൊളംബിയ താമസിയാതെ ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ സമിതിയിൽ അംഗമാകുമെന്നതാണ് ആ രാജ്യത്തെ സംബന്ധിച്ച നിലവിലെ പ്രധാന കാര്യമെന്നും സന്ധു എഎൻഐയോട് പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിൽ പാക്കിസ്‌ഥാനെതിരെ ആക്രമണത്തിന് ഇന്ത്യ മുതിർന്നതിലുള്ള വാസ്‌തവ സ്‌ഥിതി മനസിലാക്കാനായെന്നും ഇന്ത്യയുമായുള്ള ചർച്ച തുടരുന്നതിൽ പൂർണ വിശ്വാസമുള്ളതായും കൊളംബിയയുടെ വിദേശകാര്യ സഹമന്ത്രി റോസ യൊലാൻഡ വില്ലവിസെൻസിയോ പ്രതികരിച്ചു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!